ഭഗവദ് ദർശനം മാസിക

ഭഗവദ് ദർശനം മാസികBack to Godhead എന്ന ഇംഗ്ലീഷ് മാസികയുടെ മലയാള പതിപ്പാണ്. അന്താരാഷ്ട്ര കൃഷ്ണാവബോധ  സമിതിയുടെ സ്ഥാപക ആചാര്യൻ ദിവ്യ പൂജ്യ ശ്രീമദ് എസി ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ1944ൽBack to Godhead മാസികയുടെ പ്രസിദ്ധീകരണം തുടങ്ങി.

ഭഗവത്ഗീത, ശ്രീമദ്ഭാഗവതം എന്നീ ഗ്രന്ഥങ്ങളിൽ നിർവചിച്ചിട്ടുള്ള മതാതീതവും ശാസ്ത്രീയവുമായ തത്വചിന്തയുടെ കാഴ്ചപ്പാടിൽനിന്ന് ലോകത്തെയും ലോക സംഭവങ്ങളെയും കാണുവാൻ കേരളത്തിലെ പ്രബുദ്ധരും ചിന്താശീലരുമായ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഭഗവത് ദർശനം മാസികയുടെ ഉദ്ദേശ്യലക്ഷ്യം.

ഇന്നത്തെ കാലഘട്ടത്തിൽ കേരളക്കരയും കൂടാതെ ലോകരാജ്യങ്ങളും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സങ്കീർണമായ ഭൗതിക പ്രശ്നങ്ങൾക്ക് സരളമായ ആധ്യാത്മിക പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കുന്ന ലേഖനങ്ങൾ ഇതിൽ ഉണ്ടാവും.

സ്ഥാപകാചാര്യരുടെ പ്രഭാഷണം, ഭാരതത്തിലെ പുണ്യസ്ഥലങ്ങളുടെ വിവരണം, ഹരേ കൃഷ്ണ ഭക്തന്മാരുമായുള്ള അഭിമുഖം, സമകാലീന സംഭവങ്ങളെ ആദ്ധ്യാത്മികമായി അപഗ്രഥിക്കുന്ന ശാസ്ത്രചക്ഷു, വൈദിക ജ്ഞാനശകലങ്ങൾ, ആധുനികകാലത്ത് ആദ്ധ്യാത്മിക ജീവിതം അനുഷ്ഠിക്കുവാൻ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയ്ക്ക് പതിവായ പംക്തികൾ ഉണ്ട്.

ഭഗവത് ദർശനം മലയാളം പതിപ്പിന്റെ  ലേഖനങ്ങളുടെ നിലവാരവും മാസികയുടെ കേരളത്തിലുടനീളമുള്ള പ്രചാരവും ലക്ഷ്യമാക്കി ഇതിന്റെ അണിയറ പ്രവർത്തകർ നിരന്തരം അധ്വാനിക്കുകയാണ്. കാലഘട്ടത്തിന്റെ ആവശ്യകതയായ ഈ പുണ്യ പ്രവർത്തനത്തിൽ ഭാഗഭാക്കാകാൻ ഞങ്ങൾ താങ്കളെയും വിനയപൂർവ്വം സ്വാഗതം ചെയ്യുന്നു. മാസികയുടെ സബ്സ്ക്രിപ്ഷൻ സ്വയം സ്വീകരിക്കുകയും, ബന്ധുമിത്രാദികളെ വരിക്കാരായി ചേർക്കുകയും, മാസികയുടെ തുടർ പ്രസിദ്ധീകരണത്തിന് വേണ്ടി മറ്റേതെങ്കിലും രീതിയിൽ സഹായം ചെയ്യുകയും വഴി കേരളജനതയുടെ ആദ്ധ്യാത്മിക ഉന്നമനത്തിൽ താങ്കളുടെ മഹനീയമായ ഔദാര്യം അഭ്യർത്ഥിച്ചുകൊള്ളുന്നു.

ഭഗവദ് ദർശനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ

  • സത്യവും മിഥ്യയും, ആത്മീയവും ഭൗതികവും, അനശ്വരവും നശ്വരവും തമ്മിൽ വിവേചിച്ചറിയാൻ ഏവരെയും സഹായിക്കുക.
  • ഭൗതികവാദത്തിന്റെ ന്യൂനതകൾ തുറന്നുകാട്ടുക.
  • ആത്മീയ ജീവിതത്തിന് ഉതകുന്ന വൈദിക സാങ്കേതിക വിഷയങ്ങളിൽ മാർഗദർശനം നൽകുക.
  • വൈദിക സംസ്കാരം കാത്തുസൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
  • ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ശിക്ഷാനുസരണം ഭഗവത് നാമജപം പ്രകീർത്തനം ചെയ്യുക.
  • പരമ ദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ സ്മരിക്കാനും അദ്ദേഹത്തിന്റെ സേവനത്തിൽ ഏർപ്പെടാനും ഓരോ ജീവാത്മാവിനെയും സഹായിക്കുക.

സ്ഥാപക ആചാര്യർ

ശ്രീല പ്രഭുപാദർ
സ്ഥാപക ആചാര്യർ

ശ്രീല പ്രഭുപാദർ

1896-ൽ കൽക്കത്തയിൽ ജനിച്ച അഭയ ചരൺ ഡേ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതിയെ ആദ്യമായി കണ്ടത് 1922-ലാണ്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഈ യുവാവിനോട്‌ പാശ്ചാത്യരാജ്യങ്ങളിലേക്ക് യാത്രചെയ്യാനും, ഇംഗ്ലീഷ് ഭാഷയിൽ ഗ്രന്ഥങ്ങൾ രചിക്കുവാനും, ശ്രീ കൃഷ്ണ ഭഗവാന്റെയും ശ്രീ ചൈതന്യ മഹാപ്രഭുവിന്റെയും ശിക്ഷണങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കുവാനും അഭ്യർത്ഥിച്ചു.

ഗുരുദേവന്റെ ഈ ആജ്ഞ ഹൃദയത്തിൽ പ്രതിഷ്ഠിച്ച അഭയ ചരൺ തന്റെ ഉദ്യോഗവും സ്വകാര്യ ജീവിതവും നടത്തിക്കൊണ്ടു പോകുമ്പോഴും ആജ്ഞാപാലനം  സാധ്യമാക്കാനുള്ള ശരിയായ അവസരത്തിനായി കാത്തിരുന്നു. 1944 രണ്ടാം ലോകമഹായുദ്ധം അതിന്റെ ഉച്ചഘട്ടത്തിൽ ആയിരുന്നപ്പോൾ അഭയ ചരൺ കൽക്കത്തയിലെ സ്വഗൃഹത്തിൽ നിന്നും Back to Godhead എന്ന മാസിക ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1959 സന്യാസം സ്വീകരിക്കുന്നതോടെ അദ്ദേഹത്തിന്റെ നാമധേയം എ.സി. ഭക്തിവേദാന്ത സ്വാമി എന്നായി പരിണമിച്ചു. അതേ വേളയിൽ തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സാഹിത്യസംഭാവന എന്ന നിലയിൽ 18000 ശ്ലോകങ്ങൾ ഉള്ള ശ്രീമദ്ഭാഗവതത്തിന്  ഇംഗ്ലീഷ് വിവർത്തനവും വിശദീകരണവും നൽകുക എന്ന ഉദ്യമത്തിനു തുടക്കം കുറിച്ചു.

അവസാനം അദ്ദേഹത്തിന്റെ നീണ്ട കാത്തിരിപ്പിനു വിരാമമായി. 1965 ഓഗസ്റ്റ് 13ന് തന്റെ 69-ാം വയസ്സിൽ ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ജലദൂത എന്ന പഴയ ചരക്ക് വാഹിനി കപ്പലിൽ സൗജന്യമായി ലഭിച്ച ടിക്കറ്റിൽ ഏകാന്ത യാത്രികനായി അദ്ദേഹം പടിഞ്ഞാറു ലക്ഷ്യമാക്കി യാത്ര ചെയ്തു. കയ്യിൽ ഒരു കുടയും, അല്പം ധാന്യവും, 7 ഡോളർ മൂല്യം വരുന്ന 40 ഇന്ത്യൻ രൂപയുമല്ലാതെ അദ്ദേഹം  ശ്രീമദ് ഭാഗവതം പ്രഥമ സ്കന്ധത്തിന്റെ നൂറുകണക്കിന് വരുന്ന പ്രതികളായിരുന്നു കൂടെ കൊണ്ടുപോയത്.

യാത്രാമധ്യേ രണ്ട് സങ്കീർണമായ ഹൃദയാഘാതങ്ങൾ അതിജീവിച്ചുകൊണ്ട് 37 ദിവസങ്ങൾക്കുശേഷം ഭക്തിവേദാന്ത സ്വാമി ന്യൂയോർക്കിൽ എത്തിച്ചേർന്നു. അവിടെ അദ്ദേഹം തനിച്ചായിരുന്നു, പരിചയക്കാരില്ല, ആവശ്യമായ ധനമില്ല, ജീവിതയാത്രക്ക് നിർവാഹമില്ല, യൗവനത്തിന്റെ  ഊർജ്ജസ്വലതയോ നല്ല ആരോഗ്യമോ പോലുമില്ല. എന്തിന്, വേദവേദാന്തങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആധ്യാത്മിക ജ്ഞാനം ഭൗതികത നിറഞ്ഞ പാശ്ചാത്യ ലോകത്തിനുമുന്നിൽ എങ്ങനെ അവതരിപ്പിക്കാം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ പോലും ആ സമയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിനുണ്ടായിരുന്നത് ഒന്നുമാത്രം – തന്റെ ഗുരുവിന്റെ വാക്കുകളിൽ പൂർണ്ണ വിശ്വാസവും സമർപ്പണ ബോധവും.

അമേരിക്കയിലെ ആദ്യവർഷം ഭക്തിവേദാന്ത സ്വാമിക്ക് പ്രയാസങ്ങളും ആപത്തുകളും നിറഞ്ഞതായിരുന്നു. തുടർന്ന് അദ്ദേഹം 1966 ജൂലൈ മാസം ന്യൂയോർക്കിൽ വെച്ച് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (International Society for Krishna Consciousness, ISKCON) രൂപീകരിച്ചു.

സമിതി രൂപീകരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു അനുയായി പോലുമുണ്ടായിരുന്നില്ല. എന്നിട്ടും തളരാതെ അദ്ദേഹം ഭഗവത് ഗീതയിൽ നിന്നും ശ്രീമദ് ഭാഗവതത്തിൽ നിന്നും പ്രഭാഷണം തുടർന്നു. ആ പ്രഭാഷണങ്ങൾ മൂലവും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ വ്യക്തിത്വത്തിന്റെ പ്രഭാവം മൂലവും അമേരിക്കയിലെ യുവാക്കൾ ഒന്നൊന്നായി കൃഷ്ണഭക്തി സ്വീകരിക്കുവാൻ തുടങ്ങി. ഇങ്ങനെ എളിയ രീതിയിൽ തുടങ്ങിയ ഈ കൃഷ്ണ പ്രസ്ഥാനം ഇന്ന് 800 ക്ഷേത്രങ്ങൾ, കാർഷിക സമൂഹങ്ങൾ, വിദ്യാലയങ്ങൾ, പതിനായിരക്കണക്കിന് സത്‌സംഗങ്ങൾ, നാനാ ദേശങ്ങളിൽ ഉള്ള ലക്ഷക്കണക്കിന് ഭക്തൻമാർ എന്നിങ്ങനെ അത്ഭുതകരമാം വിധം വികസിച്ചിരിക്കുന്നു. ശ്രീല പ്രഭുപാദരുടെ മഹത്തായ ജീവിത ഉദാഹരണവും ബൃഹത്തായ ഗ്രന്ഥങ്ങളും ഉപദേശങ്ങളും തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ പരിശുദ്ധി ഇന്നും കാത്തുസൂക്ഷിക്കുന്നത്.

ഭഗവദ് ദർശനം : ചരിത്രത്തിലെ നാഴികക്കല്ലുകൾ

1944 - 14 February

ശ്രീല ഭക്തി സിദ്ധാന്ത സരസ്വതിയുടെ ആവിർഭാവ വാർഷികദിനത്തിൽ അഭയ ചരൺ Back to Godhead ഇംഗ്ലീഷ് മാസിക ആരംഭിക്കുന്നു.

1944

രണ്ടാം ലോകമഹായുദ്ധം കാരണം ഭാരതത്തിൽ കടലാസിനു ദൗർലഭ്യം. അഭയ ചരണിന്റെ നിതാന്തമായ പരിശ്രമം മൂലം ആദ്യപ്രതി പ്രസിദ്ധീകരിക്കാനുള്ള കടലാസ് ലഭ്യമാകുന്നു. അദ്ദേഹം സ്വയം ലേഖനങ്ങൾ എഴുതുന്നു, പ്രിന്റിംഗ് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു, കൂടാതെ വഴിയോരത്തെ ജനങ്ങളെ സമീപിച്ച് മാസിക വിതരണം ചെയ്യുന്നു. രണ്ടു ലക്കങ്ങൾക്കു ശേഷം പ്രിന്റിംഗ് സ്തംഭിക്കുന്നു. എന്നാലും അഭയ് ലേഖനമെഴുത്ത് തുടരുന്നു.

1952

അലഹബാദിലേക്ക് താമസം മാറിയ അഭയ് മാസിക പുനരാരംഭിക്കുന്നു. ഭാരതത്തിലെ പ്രധാന വ്യക്തികൾക്ക് മാത്രമല്ല, ലോകത്തിലുള്ള പല പ്രമുഖ വ്യക്തികൾക്കും മാസിക തപാലിൽ അയക്കാനുള്ള പദ്ധതി ഒരുക്കുന്നു.

1953-65

സന്യാസം സ്വീകരിച്ചശേഷം ഭക്തിവേദാന്ത സ്വാമി ദില്ലിയിൽ മാസികയുടെ പ്രസിദ്ധീകരണവും വിതരണവും തുടരുന്നു. ചായക്കടകളിലും മറ്റും ചെന്ന് ഒരു കോപ്പി വിൽക്കാൻ ചിലപ്പോൾ മണിക്കൂറുകളോളം ക്ഷമയോടെ കാത്തു നിൽക്കുന്നു.

1966

ഭക്തിവേദാന്ത സ്വാമി അമേരിക്കയിലേക്ക് യാത്രയാകുന്നു. ഒരു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ആദ്യ ശാഖ ന്യൂയോർക്ക് നഗരത്തിൽ സ്ഥാപിക്കുന്നു. 1966 ഒക്ടോബർ മാസം Back to Godhead പുനരാരംഭിക്കുന്നു. അതിന്റെ ലേഖന-പ്രസിദ്ധീകരണ ചുമതലകൾ ഇപ്പോൾ അദ്ദേഹം സ്വന്തം അമേരിക്കൻ ശിഷ്യന്മാരെ ഏൽപ്പിക്കുന്നു. പഴക്കംചെന്ന ഒരു അച്ചടി രീതിയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മാസികകൾ ശിഷ്യന്മാർ നഗരത്തിനു ചുറ്റും വിതരണം ചെയ്യുന്നു.

Years Later

Back to Godhead ഇംഗ്ലീഷ് മാസിക പൂർണ്ണ വർണ്ണ ചിത്രങ്ങളോടുകൂടി ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്നു. കൂടാതെ ഭാരതത്തിനകത്തും മറ്റ് രാജ്യങ്ങളിലുമുള്ള പല പ്രധാന ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെടുന്നു.

2010

ഭഗവദ് ദർശനത്തിന്റെ ആദ്യ മലയാള പതിപ്പ് ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വർണശബളമായ പരിപാടിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നു. അതിനുശേഷം ഇടമുറിയാതെ പ്രസിദ്ധീകരണം എല്ലാമാസവും തുടരുന്നു.

ഭഗവദ് ദർശനം മലയാളം

2010 ജൂലൈ 31 ആം തീയതി തിരുവനന്തപുരത്ത് ഉദ്ഘാടനം നടന്നു. പ്രസിദ്ധ  കലാകാരനും സിനിമാ രംഗത്തെ മികച്ച വ്യക്തിത്വമായ ശ്രീ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടന കർമം നിർവഹിക്കുന്നു. ഇസ്കോൺ കേരള പ്രദേശ സെക്രട്ടറി ശ്രീമദ് ഭക്തി വിനോദ് സ്വാമി അവർകളിൽ നിന്ന് കേരള പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ശ്രീ രാജഗോപാൽ ആദ്യ പ്രതി ഏറ്റുവാങ്ങുന്നു.

മാസികാ പംക്തികളും ലേഖനങ്ങളും

  • സ്ഥാപകാചാര്യരുടെ പ്രഭാഷണം : ശ്രീമദ് ഭഗവത്ഗീത, ശ്രീമദ്ഭാഗവതം, ശ്രീ ചൈതന്യ ചരിതാമൃതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളുടെ മലയാളവിവർത്തനം.
  • ഭൗതിക പ്രശ്നങ്ങൾ ആധ്യാത്മിക പരിഹാരങ്ങൾ : സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ.
  • പ്രഭുപാദകഥകൾ : ശ്രീല പ്രഭുപാദർ പറഞ്ഞുതന്ന കുട്ടിക്കഥകൾ കാർട്ടൂൺ രൂപത്തിൽ.
  • ഗ്രന്ഥ ശകലം.
  • ഭാഗവത കഥകൾ : ശ്രീമദ് ഭാഗവതത്തിലെ ഓരോ അധ്യായത്തിന്റെയും സംക്ഷിപ്ത വിവരണം.
  • ശാസ്ത്ര ചക്ഷു : ദൈനംദിന സംഭവങ്ങളെ വൈദിക കാഴ്ചപ്പാടിലൂടെ ദർശിക്കുന്ന ലേഖനം.
  • മുഖപ്രസംഗം.
  • ഇസ്കോൺ കേരള, ആഗോള വാർത്തകൾ.
  • കൃഷ്ണ പ്രസാദം : രുചികരമായ നവീന പാചകവിധികൾ.
  • കേരളത്തിലെ ഹരേകൃഷ്ണ സത്‌സംഗങ്ങൾ.
  • വൈഷ്ണവ പഞ്ചിക.
  • വൈദിക ചിന്തകൾ.

മാനേജിംഗ് എഡിറ്ററുടെ സന്ദേശം

ശ്രീമദ് ഭക്തി വിനോദ സ്വാമി

1944 ശ്രീല പ്രഭുപാദർ ആരംഭിച്ച ഭഗവത് ദർശനം മാസിക 66 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 2010 മലയാളം ഭാഷയിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. കേരളത്തിലെ പ്രബുദ്ധരായ ജനതയുടെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ ദാഹത്തിന് ശമനം നൽകാൻ ശ്രീല പ്രഭുപാദരുടെ ഗ്രന്ഥങ്ങൾക്കും, വിശിഷ്യ ഈ ഭഗവത് ദർശനം മാസികയ്ക്കും കഴിവുണ്ടെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

ഈ കൊച്ചു സംസ്ഥാനത്തെ “ദൈവത്തിന്റെ സ്വന്തം നാട് ” എന്ന് കേരള ടൂറിസം വിഭാഗം വിശേഷിപ്പിക്കുന്നു. വായനാശീലം പതിവിലും കൂടുതലുള്ള കേരളക്കരയിൽ മാസികകൾക്ക് ഒരു ക്ഷാമവുമില്ല. എന്നാൽ ഭഗവദ് ദർശനം അവയിൽ നിന്ന് വേറിട്ട് നിൽക്കും – “ഭഗവാന്റെ സ്വന്തം നാട്ടുകാരെ” ഭഗവാന്റെ ധാമത്തിലേക്കു  കൊണ്ടുപോകാൻ ഭഗവത് ദർശനം സഹായകമാകും.

ഭൗതിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഭൗതിക മാസികയല്ല ഭഗവദ് ദർശനം. മറിച്ച്, ആദ്ധ്യാത്മിക ലോകം എന്ന യാഥാർത്ഥ്യത്തെ ശാസ്ത്രീയമായി ഗ്രഹിക്കാനും, ആ ലോകവുമായി ബന്ധപ്പെടാനും, ജീവിതാന്ത്യത്തിൽ അവിടേക്ക് പ്രവേശിക്കുവാനും ഭഗവത് ദർശനം വഴികാട്ടിയാകും. പുതുമയും വ്യത്യസ്തതയും ഇഷ്ടപ്പെടുന്ന കേരള ജനതയ്ക്ക് വാതായനങ്ങൾ തുറക്കുന്ന ഈ മാസികയെ നല്ലവരായ എല്ലാ മലയാളികളും ഹൃദയം തുറന്നു സ്വീകരിക്കണമെന്ന് ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിച്ചുകൊള്ളുന്നു!

ശ്രീമദ് ഭക്തി വിനോദ സ്വാമിയെക്കുറിച്ച്

ശ്രീമദ് ഭക്തി വിനോദ സ്വാമി
Senior Monk in ISKCON

ശ്രീമദ് ഭക്തി വിനോദ സ്വാമി

തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം 1980കളിൽ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയിൽ അംഗമായി. ശ്രീല പ്രഭുപാദരുടെ മുതിർന്ന ശിഷ്യനും സന്യാസിവര്യനുമായ ശ്രീല ജയപതാകസ്വാമി മഹാരാജിൽ നിന്ന് 2009ൽ സന്യാസം സ്വീകരിച്ചു.

ഇസ്കോൺ പ്രസ്ഥാനത്തിന്റെ കേരള പ്രദേശ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. 85 ഭാഷകളിൽ ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നതും, ലോകത്തിലെ ഏറ്റവും വലിയ വൈദിക ഗ്രന്ഥ പ്രസാധകരുമായ ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റിന്റെ കേരള വിഭാഗം ഡയറക്ടർ എന്ന നിലയിൽ ശ്രീല പ്രഭുപാദർ ഗ്രന്ഥങ്ങളെ മലയാളത്തിൽ തർജ്ജമ ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഇസ്കോണിന്റെ ഗുരുവായൂർ കോയമ്പത്തൂർ എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളുടെയും കേരളത്തിലുടനീളമുള്ള സത്‌സംഗങ്ങളുടെയും ചുമതല വഹിക്കുന്നു. ആധുനിക യുവജനങ്ങൾക്ക് അനുയോജ്യമാംവിധം ഭഗവത്ഗീത, ശ്രീമദ്ഭാഗവതം എന്നീ ഗ്രന്ഥങ്ങളിലെ ഗഹനമായ തത്വചിന്തകളെ സരളമായി അവതരിപ്പിക്കാൻ ഭക്തിവേദാന്ത അക്കാദമി അദ്ദേഹം ആരംഭിച്ചു. പ്രത്യേകിച്ചും യുവാക്കളെ കൃഷ്ണാവബോധശാസ്ത്രം അഭ്യസിപ്പിച്ച്‌ സ്വന്തം ജീവിതങ്ങളിൽ പരിവർത്തനം ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.